Saturday, 3 February 2018

മാർത്തയുടെ മരണം

സെപ്തമ്പർ 1, 1914

ആ ദിവ‍സത്തിന്റെ മധ്യാഹ്നത്തിൽ മാർത്ത (29വ‍യസ്സ്) മരിച്ചു. വളരെക്കാലമായി അവൾ ഒറ്റയ്ക്കായിരുന്നു. അവളുടെ ദേഹവിയോഗത്തിൽ കണ്ണുനീർ വാർക്കാൻ ബന്ധുക്കളാരുമുണ്ടായിരുന്നില്ല. എങ്കിലും അവൾ ഒരു സാധാരണക്കാരിയായിരുന്നില്ല. അതുകൊണ്ടു തന്നെ ആ മരണം വളരെ അസാധാരണമായ ചർച്ചകൾക്ക് വഴിതെളിയിച്ചു. ആരായിരുന്നു ഈ മാർത്ത?

1813ലെ ശരത്കാലം

ജോൺ ജെയിംസ് ഓഡുബോൺ (John James Audubon) കെന്റുക്കി സംസ്ഥാനത്തെ ഹെൻഡേഴ്സണിലുള്ള വീട്ടിൽ നിന്ന് തന്റെ കുതിരപ്പുറത്ത് കയറി ലൂയിസ് വില്ലയിലേക്ക് പുറപ്പെടുമ്പോൾ കരുതിയിരുന്നില്ല താൻ വർണ്ണനാതീതമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണെന്ന്. അസാധാരണമായ ഒരു ഇരമ്പൽ അയാളുടെ കാതുകളിൽ നിറഞ്ഞു. മധ്യാഹ്നസൂര്യൻ പെട്ടെന്ന് മേഘാവൃതമായതു പോലെ. ആകാശം ഇരുണ്ടു. ഓഡുബോന്റെ ദേഹത്ത് പക്ഷികളുടെ പുരീഷം പോലെ എന്തോ ഒന്ന് തുടർച്ചായി പതിച്ചു തുടങ്ങി. ശിരസ്സുയർത്തി നോക്കിയ അയാളെ വരവേറ്റത് അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു. ആകാശം നിറയെ പക്ഷികൾ. ഒരുതരം പ്രാവുകൾ. ചക്രവാളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ! ചിറകടികളുടെ ശബ്ദം ഇരമ്പലായ് കാതുകളിൽ. ഇന്ദ്രിയങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത ഒന്ന്!
ഓഡുബോൺ ലൂയിസ് വില്ലയിലെത്തിയപ്പോഴേക്കും പകലിന്റെ അവസാനമായിരുന്നു. പക്ഷെ പ്രാവുകൾ അപ്പോഴും പറന്നുകൊണ്ടേയിരുന്നു, എണ്ണം ഒട്ടും കുറയാതെ തന്നെ. ഓഹിയോ നദിക്കരയിലെ ആ ചെറുപട്ടണം ജനങ്ങളെകൊണ്ട് നിറഞ്ഞിരുന്നു. കുട്ടികളും മുതിർന്നവരും ഒരു ദാക്ഷിണ്യവുമില്ലാതെ പ്രാവിൻ കൂട്ടങ്ങളെ വെടിവെച്ച് താഴെയിട്ടുകൊണ്ടിരുന്നു. അവരുടെ മുന്നിൽ പറവകളുടെ മൃതദേഹങ്ങൾ കൂമ്പാരങ്ങളായി. പ്രാവുകളുടെ ദേശാടനം ആ രാത്രി മുഴുവൻ തുടർന്നു. പിറ്റേന്നും പിന്നെ പിറ്റേന്നും. മൂന്നു ദിവസം തുടർച്ചയായി!!! അതെ, വടക്കനമേരിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും അധികമുണ്ടായിരുന്ന സഞ്ചാരി പ്രാവുകളുടെ ദേശാടനമായിരുന്നു അത്.

കെന്റുക്കി സംസ്ഥാനത്തു കൂടി ഒരു കൊടുങ്കാറ്റുപോലെ കടന്നുപോയ ആ പക്ഷികൾ ഒരു നൂറ്റാണ്ടിനു ശേഷം ഒരെണ്ണം പോലുമില്ലാതെ നാമാവശേഷമായി. അവസാനത്തെ സഞ്ചാരി പ്രാവ് അമേരിക്കൻ ഐക്യനാടുകളിലെ സിൻസിനാറ്റി മൃഗശാലയിലെ കൂട്ടിൽ സെപ്തമ്പർ ഒന്ന് 1914ൽ മരിച്ചു കിടന്നു. അവളായിരുന്നു മാർത്ത.
  

സഞ്ചാരി പ്രാവ് (Passenger Pigeon – Ectopistes migratorius)

സഞ്ചാരി പ്രാവുകൾ നല്ല ഭംഗിയുള്ള പക്ഷികളായിരുന്നു, പ്രത്യേകിച്ച് ആൺ പക്ഷികൾ. ആൺ പ്രാവുകളുടെ പുറവും ചിറകുകളും ചാര-നീല നിറത്തിലും മാറിടം ചെമ്പു നിറത്തിലുള്ളതുമായിരുന്നു. പക്ഷെ പെൺപ്രാവുകൾ അത്ര സുന്ദരികളായിരുന്നില്ല. 1800കളുടെ ആദ്യകാലത്ത് ലോകത്തിലെ ഏറ്റവും എണ്ണം കൂടിയ പക്ഷിവർഗ്ഗമായിരുന്നു സഞ്ചാരി പ്രാവുകൾ. ഏകദേശം മുന്നൂറ് കോടി പക്ഷികൾ! ഇന്നത്തെ വടക്കൻ അമേരിക്കയിലെ മൊത്തം പക്ഷി വർഗ്ഗങ്ങളുടെ മുന്നിൽ ഒന്ന് വരുമായിരുന്നു ഇവ. സഞ്ചാരി പ്രാവുകളുടെ ചരിത്രത്തിലെ ആദ്യത്തേയോ അവസാനത്തേയോ കൂട്ട ദേശാടനമായിരുന്നില്ല ഓഡുബോൺ സാക്ഷ്യം വഹിച്ചത്. വടക്കെ അമേരിക്കയിലെ ആദ്യകാല യൂറോപ്യൻ കുടിയേറ്റക്കാരുടെ ശ്രദ്ധയിൽ തന്നെ ഈ പ്രതിഭാസം പെട്ടിരുന്നു. 1605 ജൂലൈയിൽ ചാപ്ലെയിൻസ് ( Chaplains) വടക്കെ അമേരിക്കയിലെ ചില ദ്വീപുകളിൽ പ്രാവുകളുടെ എണ്ണമറ്റ സാനിധ്യം രേഖപ്പെടുത്തിയിരുന്നു. പല ആദ്യകാല ചരിത്രകാരന്മാരും അറ്റലാന്റിക്ക് തീരപ്രദേശങ്ങളിലെ ഈ പക്ഷികളെക്കുറിച്ച് എഴുതിയിരുന്നു. ജോൺ ലോസൻ (John Lawson) 1790ൽ അദ്ദേഹത്തിന്റെ 'കരോലിനയുടെ ചരിത്രം ' എന്ന പുസ്തകത്തിൽ 1701-02 കാലഘട്ടത്തിൽ ഈ പക്ഷികൾ കാരണമുണ്ടായ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വെർജീനിയയിലെ ആദ്യ താമസക്കാരുടെ അഭിപ്രായത്തിൽ ഇവ ഭക്ഷ്യക്ഷാമ ഭീഷണിയുണ്ടാക്കിയതായിക്കാണുന്നു. നാട്ടിലെ പാകമായ ചോള ധാന്യങ്ങൾ തിന്നു തീർത്തതായി പറയുന്നുണ്ട്. ഇത്തരം കൂട്ട ദേശാടനം അമേരിക്കയുടെ കിഴക്കൻ സംസ്ഥാനങ്ങളിലും കാനഡയിലും 1870കളിലും കണ്ടിട്ടുണ്ട്. 1850കളായപ്പോഴേക്കും ഇവയുടെ എണ്ണം കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയിരുന്നു.

അമേരിക്കൻ പക്ഷിശാസ്ത്രത്തിന്റെ പിതാവായ അലക്സാണ്ടർ വിൽസൺ (Alexander Wilson) 1806ൽ ഷെൽബിവില്ലയിലെ ഈ പ്രാവുകളുടെ ചേക്കേറുന്ന ഇടത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. "ഇവയുടെ ചേക്കേറൽ സ്ഥലങ്ങൾ ഏകദേശം നാൽപതോളം മൈലുകൾ പരന്നു കിടക്കുന്നതായിരുന്നു. ഒരു വൃക്ഷത്തിൽ ചുരുക്കിയത് നൂറോളം കൂടുകൾ. നിലത്താകട്ടെ ഇവയുടെ ഭാരം താങ്ങാനാവാതെ പൊട്ടി വീണു കിടക്കുന്ന വൃക്ഷശാഖകൾ; അവയുടെ തകർന്ന മുട്ടകൾ; പക്ഷി കുഞ്ഞുങ്ങളുടെ മൃതശരീരങ്ങൾ; ഇവയുടെ മാംസം തിന്ന് തടിച്ചുകൊഴുത്ത മൃഗങ്ങൾ ". ഇത്തരം കൂടുകെട്ടലിന്റെ അവസാന രേഖപ്പെടുത്തൽ 1878ൽ മിച്ചിഗൺ സംസ്ഥാനത്തായിരുന്നു. പ്രൊഫസർ എച്ച്.ബി.റോണിയുടെ അഭിപ്രായത്തിൽ പെടോസ്കിയിലെ സഞ്ചാരി പ്രാവുകളുടെ കൂടുകെട്ടൽ ഏകദേശം ഒരു ലക്ഷം ഏക്കറുകൾ പടർന്നു കിടക്കുന്നതായിരുന്നു. ദശലക്ഷക്കണക്കിന് വരുന്ന ഇവയുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുക എന്നത് അസംഭവ്യമായിരുന്നു. ഇത്തരം അസാധാരണമായ എണ്ണവ്യാപ്തിയുണ്ടായിരുന്ന ഈ പക്ഷികളുടെ വംശനാശം പ്രവചിക്കുക എന്നത് അന്ന് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ അത് സംഭവിക്കുക തന്നെ ചെയ്തു. അതോടൊപ്പം തന്നെ അവയുടെ പ്രകൃത്യായുള്ള ശത്രുക്കളായ കരടികൾ, പാന്തറുകൾ, ചെന്നായ്ക്കൾ, ലിന്‍ക്സുകൾ എന്നിവയ്ക്കും വംശനാശ ഭീഷണിയുണ്ടായി.

വടക്കെ അമേരിക്കൻ ഭൂുഖണ്ഡത്തിലെ ഗോത്രവർഗ്ഗക്കാർ ഇവയെ വ്യാപകമായി വേട്ടയാടിയിരുന്നെങ്കിലും അത് വംശനാശത്തിന് കാരണമാകാൻ പര്യാപ്തമായിരുന്നില്ല. ഒന്നാമതായി അവർ വേട്ടയാടിയ പക്ഷികളെ വിപണിയിൽ വിൽക്കുമായിരുന്നില്ല. യഥാർത്ഥത്തിൽ ഇവയുടെ മാംസത്തിന് വിപണിയുണ്ടായിരുന്നില്ല. വെള്ളക്കാരുടെ കുടിയേറ്റത്തോടെയാണ് ഈ പക്ഷികളുടെ മാംസത്തിന് വിപണി മൂല്യം ലഭിക്കുന്നത്. അവരുടെ കൈയ്യിൽ തോക്കുകളുണ്ടായിരുന്നത് കൊണ്ട് വേട്ടയാടൽ വളരെ എളുപ്പമായിരുന്നു. വലവിരിച്ച് പിടിക്കുന്നതും സർവ്വസാധാരണമായിരുന്നു. ഒരൊറ്റ വെടിയുണ്ട കൊണ്ട് ഒരു ഡസനിലധികം പക്ഷികളെ കിട്ടുമായിരിന്നു! വേട്ടയാടൽ മാത്രമല്ല വനനശീകരണവും സഞ്ചാരി പ്രാവുകളുടെ വംശനാശത്തിന് കാരണമായിട്ടുണ്ട്.

1878 ആയപ്പോഴേക്കും പെടോസ്കിയിൽ മാത്രമായി ഇവ ഒതുങ്ങിത്തുടങ്ങി. 1881ൽ മിച്ചിഗണിൽ രണ്ടു വലിയ കൂട്ടങ്ങൾ ബാക്കിയുണ്ടായിരുന്നു. 1895ൽ ഇല്ലിനോയിസിലെ കൂട്ടത്തിൽ നിന്ന് രണ്ടെണ്ണത്തെ സംരക്ഷിക്കാൻ വേണ്ടി പിടികൂടി കൂട്ടിലടച്ചു. അപ്പോഴേക്കും വേട്ടയാടൽ പൂർണ്ണമായും അവസാനിച്ചിരുന്നു. മാർത്ത ഒരിക്കലും അവളുടെ പ്രകൃതിദത്തമായ ആവാസ വ്യവസ്ഥയിൽ ജീവിച്ചിരുന്നില്ല. അവൾ പിറന്നത് ചിക്കാഗോയിലെ ബ്രൂക്ക്ഷീൽഡ് മൃഗസംരക്ഷണ ശാലയിലായിരുന്നു. മാർത്തയെ പിന്നീട് സിൻസിനാറ്റിയിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. 1890 ആയപ്പോഴേക്കും സഞ്ചാരി പ്രാവുകളുടെ എണ്ണം ഈ മൂന്നെണ്ണമായി ലോപിച്ചു. 1914 സെപ്തമ്പർ ഒന്നാം തീയ്യതി ഈ ഭൂമിയിലവശേഷിച്ച അവസാനത്തെ സഞ്ചാരി പ്രാവ്, മാർത്ത നമ്മെ വിട്ടുപിരിഞ്ഞു. ഇന്ന് മാർത്ത സ്മിത്ത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ ടാക്‌സിഡെർമീഡ് രൂപത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യതിന്മകൾ എങ്ങിനെ ജൈവസമ്പത്തിന് ഭീഷണിയായി മാറുന്നു എന്നതിന്റെ മകുടോദാഹരണമായി മാർത്ത ഇന്നും പ്രകൃതി സ്നേഹികളുടെ മനസ്സിൽ ജീവിക്കുന്നു.

References:
1. www.audubon.org/…/may-jun…/why-passenger-pigeon-went-extinct
2. https://www.scientificamerican.com/…/3-billion-to-zero-wha…/
3. https://www.smithsonianmag.com/…/100-years-after-death-mar…/
4. https://www.wildbirds.org/apidesay.htm

No comments:

Post a Comment