9 നവമ്പർ 2001
രാവിലെ എട്ട് മണി കഴിഞ്ഞ് മുപ്പത് മിനുട്ടായിക്കാണും. കെലാഡിയോ ദേശീയ ഉദ്യാനത്തിന്റെ (Keoladeo National Park) പ്രധാന കവാടത്തിനടുത്തുള്ള റിക്ഷക്കാരേയും ടൂറിസ്റ്റ് ഗൈഡുകളെയും അൽഭുതപ്പെടുത്തിക്കൊണ്ട് ആ ശബ്ദം മുഴങ്ങി. ഉയർന്നു നിൽക്കുന്ന അക്കേഷ്യാ മരങ്ങളുടെ തലപ്പുകൾക്ക് മുകളിലായി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയ അവർ ആ കാഴ്ച കണ്ടു. രണ്ടു സൈബീരിയൻ കൊക്കുകൾ! ആ ദേശീയ ഉദ്യാനത്തിന്റെ വടക്കുഭാഗത്ത് നിന്നും ദക്ഷിണ ദിക്കിലേക്ക്, ഉദ്യാനത്തിന്റെ ദിശയിലേക്ക് അവർ പറന്നു വരുന്നു. ആവേശഭരിതരായ ചിലർ തങ്ങളുടെ സൈക്കിളുകളെടുത്ത് പാർക്കിന്റെ മധ്യഭാഗത്തുള്ള തടാകക്കരയിലേക്ക് ചെന്നു. മറ്റുള്ളവർ ആ വരവ് അൽഭുതാവേശത്തോടെ നോക്കി നിന്നു. ആ ദേശീയ ഉദ്യാനം മുഴുവൻ ആഹ്ലാദത്തിന്റെ ഏകസ്വരം മുഴങ്ങി. "അവർ വന്നു, സൈബീരിയൻ കൊക്കുകൾ വന്നു................'' 1998 ന് ശേഷം ഇപ്പോൾ അവ വീണ്ടും വന്നതിന്റെ സന്തോഷാധിക്യത്തിനാണ് ആ ഉദ്യാനം സാക്ഷ്യം വഹിച്ചത്. ശൈത്യകാലത്ത് അവിടെ എത്തുന്ന ദേശാടനക്കിളികളിലെ താരമായിരുന്നു സൈബീരിയൻ കൊക്കുകൾ. രാജസ്ഥാനിൽ ദേശാടനപ്പക്ഷികളുടെ പ്രധാന സന്ദർശനകേന്ദ്രമായ കെലാഡിയോ ദേശീയ ഉദ്യാനത്തിലേക്കുള്ള അവയുടെ അവസാനത്തെ വരവായിരുന്നു അത്. ആ ശൈത്യകാലത്തിനു ശേഷം തിരിച്ചു പോയ സൈബീരിയൻ കൊക്കുകൾ പിന്നീടൊരിക്കലും ഇന്ത്യയിലേക്ക് വന്നിട്ടില്ല. കഴിഞ്ഞ പതിനാറ് വർഷങ്ങളായി രാജകീയ പ്രൗഢിയുള്ള ആ പക്ഷികളുടെ വരവിനായി നാം കാഞ്ഞിരിക്കുന്നു. അവർ ഇനി എന്നെങ്കിലും വരുമോ.......?പറന്ന്, പറന്ന്, പറന്ന്..........
റഷ്യ, കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്‌മെനിസ്താൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, അവസാനം ഇന്ത്യയും. ആറ് രാജ്യങ്ങൾ. സൈബീരിയൻ കൊക്കുകളുടെ സഞ്ചാരപഥമാണ് മുകളിൽ വിവരിച്ചത്. മൂവായിരം മൈലുകൾ താണ്ടിയാണ് ഇവ റഷ്യയിലെ സൈബീരിയയിൽ നിന്ന് പുറപ്പെട്ട് ഇന്ത്യയിലെത്തുന്നത്. ലോകത്തിലേക്കേറ്റവുമധികം ദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്ന്. ശരാശരി ഇരുന്നൂറ് മൈലുകൾ ഒരു ദിവസം. മാമരം കോച്ചുന്ന സൈബീരിയയിലെ മഞ്ഞുകാല തണുപ്പിനെ അതിജീവിക്കാനാണീയാത്ര. ഇത്രയും ദൂരം തിരിച്ചും. എന്തൊരു സഞ്ചാരം! ഒക്ടോബർ മാസത്തിന്റെ അവസാനത്തിലോ നവമ്പറിന്റെ തുടക്കത്തിലോ രാജസ്ഥാനിലെ കെലാഡിയോ ദേശീയ ഉദ്യാനത്തിലെത്തി ജനുവരി-മാർച്ച് മാസങ്ങളിലായി മടക്കയാത്ര. അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രാമധ്യേ അഫ്ഗാനിസ്താനിലെ കാബൂളിനടുത്തുള്ള അബി- ഇ- ഇസ്താദാ തടാകത്തിലൊരു ചെറിയ വിശ്രമം. ഇങ്ങനെയാണ് ഈ പക്ഷികളുടെ സഞ്ചാരക്രമം. IUCN (International Union for Conservation of Nature)ന്റെ ചുവന്ന വിവര പുസ്തകത്തിലെ (Red Data Book) കണക്കനുസരിച്ച് ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ഒരു പക്ഷിയാണ് ഇത്. 2002 ൽ ഇന്ത്യയിൽ നിന്നു മടക്കയാത്ര നടത്തിയ ഇവർ കഴിഞ്ഞ പതിനാറ് വർഷങ്ങളായി ഭാരതത്തിലേക്ക് വന്നതേ ഇല്ല. ഇനി ഒരിക്കലും വരില്ല എന്നാണ് ശാസ്ത്രലോകം ഉറച്ചു വിശ്വസിക്കുന്നത്. കാരണം ഇവിടേക്ക് വരുന്ന ഇനം സൈബീരിയൻ കൊക്കുകൾ (Central Population) അവരുടെ പ്രകൃത്യായുള്ള ആവാസ വ്യവസ്ഥയിൽ നിന്ന് ഇല്ലാതായിക്കഴിഞ്ഞു.സൈബീരിയൻ കൊക്ക് (Grus leucogeranus)
പ്രായ പൂർത്തിയായ കൊക്കുകൾക്ക് ആൺ പെൺ വ്യത്യാസമില്ലാതെ തൂവെള്ള തൂവലുകൾ, അവിടെയും ഇവിടെയുമായി (പ്രൈമറീസ്, അലുല, പ്രൈമറി കവേർട്ട്സ്)ചില്ലറ കറുപ്പു നിറം. നെറ്റി, മുഖം, തലയുടെ ഇരുവശം എന്നിവിടങ്ങളിൽ ഇഷ്ടികച്ചുവപ്പ്, കറുത്ത കൊക്ക്, പിങ്ക് നിറത്തിലുള്ള കാലുകൾ. കുഞ്ഞുങ്ങളുടെ ചിറകുകൾക്ക് മങ്ങിയ തവിട്ടു നിറം. ഏകദേശം 140 സെ.മീ ഉയരം. ചിറകുകൾ തമ്മിലുള്ള അകലം 210-230 സെ.മീ. ആൺപക്ഷികൾക്ക് പെൺപക്ഷികളേക്കാൾ അല്പം വലുപ്പക്കൂടുതൽ ഉണ്ട്. മൂന്ന് തരം കൂട്ടങ്ങളാണ് (Populations) ഈ പക്ഷികളിൽ കാണപ്പെടുന്നത്. അതിലേറ്റവും ശക്തം (3000 പക്ഷികൾ) കിഴക്കൻ സഞ്ചയമാണ് (Eastern Population). വടക്ക് കിഴക്കൻ സൈബീരിയക്കാരായ ഇവർ ചൈനയിലെ യാങ്ങ്സീ നദിക്കരയിലാണ് ശൈത്യകാലം ചിലവഴിക്കുന്നത്. രണ്ടാമത്തത് പടിഞ്ഞാറൻ കൂട്ടമാണ് (Western Population). റഷ്യയിൽ ഓബ് നദിക്കരയിൽ താമസിക്കുന്ന ഇവർ ശൈത്യകാലത്ത് ഇറാനിൽ കാസ്പിയൻ കടൽക്കരയിലേക്ക് ദേശാടനം നടത്തുന്നു. മൂന്നാമത്തേതാണ് മധ്യസഞ്ചയം (Central Population). പടിഞ്ഞാറൻ സൈബീരിയയിൽ നിന്ന് രാജസ്ഥാനിലെ കെലാഡിയോ തടാകക്കരയിൽ ശൈത്യകാലം ചിലവഴിക്കാനെത്തുന്ന ഇവർ ഇന്ത്യയിലേക്ക് വരാതായിട്ട് പതിനാറ് വർഷങ്ങൾ കഴിഞ്ഞു. ഇനി അവരുടെ പുന:രുജ്ജീകരണം അസാധ്യമാണെന്നാണ് ഈ വിഷയത്തിലെ വിദഗ്ദരുടെ അഭിപ്രായം. ആ വഴിക്കുള്ള ശ്രമങ്ങൾ മൃഗശാലകളിൽ സംരക്ഷിച്ചിരിക്കുന്ന സൈബീരിയൻ കൊക്കുകളെ വച്ച് നടത്തിയത് വിജയം കണ്ടില്ല.എണ്ണം കുറഞ്ഞു തുടങ്ങുന്നു
1960കളിലാണ് രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ കെലാഡിയോ ദേശീയ ഉദ്യാനത്തിലെത്തുന്ന സൈബീരിയൻ കൊക്കുകളുടെ എണ്ണമെടുത്ത് തുടങ്ങുന്നത്. അക്കാലത്ത് തന്നെ ഇവയുടെ എണ്ണം ക്രമമായി കുറയുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കെലാഡിയോവിലെത്തുന്ന ഇവർ അവിടുത്തെ ചതുപ്പിൽ വളരുന്ന ചില സസ്യങ്ങളുടെ കിഴങ്ങുകളാണ് ആഹാരമാക്കിയിരുന്നത്. 1964ൽ ഇരുന്നൂറ് പക്ഷികളാണ് എത്തിയതെങ്കിൽ 1967 ആയപ്പോഴേക്കും എണ്ണം നൂറായി കുറഞ്ഞു. ഡോ.സലിം അലി 1969ൽ എഴുപത്തിരണ്ടെണ്ണം വന്നതായി രേഖപ്പെടുത്തി. 1981ൽ പതിനെട്ട്,1990ൽ ആറ്, 1992ൽ അഞ്ച്, 1993ൽ അഞ്ച്. അടുത്ത രണ്ട് വർഷങ്ങളിൽ ഒരെണ്ണം പോലുമെത്തിയില്ല. 1996ൽ നാല് പക്ഷികൾ എത്തി. 1998ൽ രണ്ടായി കുറഞ്ഞു. പിന്നീടുള്ള രണ്ട് വർഷങ്ങളിൽ പൂജ്യം. 2001ൽ അവസാനമായി രണ്ടെണ്ണം. കഴിഞ്ഞ പതിനാറ് വർഷങ്ങളായി സൈബീരിയൻ കൊക്കുകൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു. ഇനി വരില്ലെന്നറിഞ്ഞു കൊണ്ടുതന്നെ........വംശനാശത്തിന്റെ കാരണങ്ങൾ
ഇവയുടെ സഞ്ചാരവഴിയിലെ ചതുപ്പുനിലങ്ങളുടെ അനിയന്ത്രിതമായ നാശമാണ് മുഖ്യ കാരണം. സൈബീരിയൻ കൊക്കുകളുടെ ജീവിത ചക്രത്തിലെ പ്രധാന ഘട്ടങ്ങളെല്ലാം ചതുപ്പുകളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. സഞ്ചാര മധ്യേ അവർ വ്യാപകമായി വേട്ടയാടപ്പെട്ടത് മറ്റൊരു കാരണമാണ്. അഫ്ഗാനിസ്ഥാനിലെ യുദ്ധാന്തരീക്ഷം ഈ പക്ഷികളുടെ യാത്രയെ തടസ്സപ്പെടുത്തിയിട്ടുണ്ടാവാനും സാധ്യതയുണ്ട്. HPAl (Highly Pathogenic Avian Influenza) വൈറസുകളുടെ ആക്രമണവും ഇവയുടെ നാശത്തിന് ആക്കം കൂട്ടിയതായി ചിലർ പറയുന്നുണ്ട്. എന്തു തന്നെയായാലും മനുഷ്യന്റെ കൊള്ളരുതായ്മകൾ തന്നെയാണ് പ്രധാനമായും ഇതര ജീവജാലങ്ങളുടെ ആയുസ്സിനെ ഹനിക്കുന്നതെന്ന് നമുക്ക് നിസ്സംശയം പറയാൻ സാധിക്കും.ഒരുകാലത്ത് കെലാഡിയോ ദേശീയ ഉദ്യാനത്തിന്റെ മുഖ്യ ആകർഷണമായിരുന്ന സൈബീരിയൻ കൊക്കുകൾക്കായ് പക്ഷി സ്നേഹികൾ ഇന്നും കാത്തിരിക്കുന്നു. അവർ വരും, വരാതിരിക്കില്ല.........
References
No comments:
Post a Comment