ആഗമനം
പാറക്കല്ലുകൾ നിറഞ്ഞ ആ കൊച്ചു ദ്വീപിൽ 2013ലാണ് അവൻ എത്തിയത്. യാത്രാമധ്യേ വലിയ ബഹളങ്ങളൊന്നുമില്ലാത്ത ഒരിടം കണ്ടപ്പോൾ കയറി താമസമാരംഭിച്ചതൊന്നുമല്ലായിരുന്നു അവൻ. സ്വന്തം വർഗ്ഗത്തിൽപ്പെട്ടവരുടെ സ്വരം കേട്ട് അവരുടെ സാന്നിധ്യം മനസ്സിലാക്കി അവൻ ആ ദ്വീപിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു. എത്തിയപ്പോൾ തന്നെ എന്തോ ഒരു അസ്വാഭാവികത അനുഭവപ്പെട്ടു. ആ ദ്വീപിൽ മുമ്പേയുണ്ടായിരുന്ന അവന്റെ വർഗ്ഗക്കാർക്ക് പുതിയ കൂട്ടുകാരന്റെ വരവ് ഒരാവേശവും ഉയർത്തിയില്ല. ഒന്നും രണ്ടുമല്ല, എൺപത് പേരുണ്ടായിരുന്നു അവന്റെ ഗണത്തിൽപ്പെട്ടവർ. അവരാരും തന്നെ നിൽക്കുന്ന ഇടത്തിൽ നിന്ന് ഒന്നനങ്ങുകപോലും ചെയ്തില്ല. പക്ഷെ അവരുടെ ശബ്ദം തുടർച്ചയായി കേൾക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ അവന്റെ ആഗമനം അവർക്ക് ഇഷ്ടപ്പെടാതെ പോയതാണോ? ആ സ്നേഹശൂന്യമായ അന്തരീക്ഷത്തിൽ താമസിക്കുക എന്നത് ആരെ സംബന്ധിച്ചും പ്രയാസമുള്ള കാര്യമായിരുന്നു. പക്ഷെ അവന് അവിടം വിട്ടു പോകാൻ കഴിഞ്ഞില്ല. കഴിയുമായിരുന്നില്ല എന്നതാവും ശരിയായ വിലയിരുത്തൽ. കാരണം അവിടെ അവൾ ഉണ്ടായിരുന്നു, അവൻ പ്രണയിക്കാൻ പോകുന്ന പെണ്ണ്.
പ്രണയം
ആ കൊച്ചു ദ്വീപിൽ ഉണ്ടായിരുന്ന എൺപത് പേരിൽ ഒരുവളിൽ, ഒരു സുന്ദരിയിൽ അവന്റെ കണ്ണുകളുടക്കി. അത് ആർക്കും തന്നെ ഉൾക്കൊള്ളാനാവാത്ത ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു. പക്ഷെ അവളും മറ്റുള്ളവരെപ്പോലെത്തന്നെ നിർവ്വികാരയായിരുന്നു. അവളുടെ കണ്ണുകൾ ഒരിക്കൽപ്പോലും അവന്റെ നേർക്ക് തിരിഞ്ഞില്ല. ആ മിഴികൾ കടലിന്റെ വിദൂരതകളിലെവിടെയോ നട്ടിരുന്നു. അവൻ പിൻ മാറാനൊരുക്കമായിരുന്നില്ല. അവളുമായി ഒരു മുജ്ജന്മ ബന്ധം ഉണ്ടായിരുന്നതായി അവന് തോന്നിയിരിക്കണം. അവൻ അവൾക്കു വേണ്ടി പാട്ടുകളാലപിച്ചു. അവളുടെ പരുക്കൻ ചിറകുകൾ കോതിയൊതുക്കാൻ ശ്രമിച്ചു. എല്ലാം അവൾ അവഗണിച്ചു. അവന്റെ ചെയ്തികളൊന്നും തന്നെ അവളുടെ മനസ്സിളക്കാൻ പര്യാപ്തമായിരുന്നില്ല. അവളുടെ ഹൃദയം കല്ലുകൊണ്ട് നിർമ്മിച്ചതായിരുന്നു (അതോ കോൺക്രീറ്റ് കൊണ്ടോ?). തോൽക്കാനൊരുക്കമില്ലാതിരുന്ന അവൻ കമ്പുകളും കടൽ സസ്യങ്ങളും കൊണ്ട് കൂടൊരുക്കി, അവൾക്കു വേണ്ടി. പക്ഷെ അവന്റെ കൂട്ടിലേക്കവൾ ചേക്കേറിയില്ല. ദ്വീപ് സന്ദർശിക്കാനെത്തുവരുടെ ശ്രദ്ധാകേന്ദ്രമായി അപ്പോഴേക്കും അവൻ മാറിയിരുന്നു. അതിനിടയിൽ ആരോ അവനെ 'നൈജൽ' എന്നു വിളിച്ചു. ഗ്രാമ്യഭാഷയിൽ അതിന്റെ അർത്ഥം 'കൂട്ടില്ലാത്തവൻ' എന്നാണത്രെ!
മരണം
ദിവസങ്ങൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴിയൊഴിഞ്ഞു. ഋതുഭേദങ്ങൾ അവന്റെ അവളോടുള്ള അഭിനിവേശത്തെ തെല്ലും ക്ഷീണിപ്പിച്ചില്ല. പ്രായം നൈജലിന്റെ ശരീരത്തെ കീഴടക്കാൻ തുടങ്ങിയിരുന്നെങ്കിലും മനസ്സ് കീഴടങ്ങാൻ മടിച്ചു. എന്നെങ്കിലും തന്റെ സ്നേഹം അവൾ മനസ്സിലാക്കുമെന്നും പ്രതികരിക്കുമെന്നുമവനാശിച്ചു. ഒന്നല്ല, രണ്ടല്ല, നീണ്ട അഞ്ചു വർഷങ്ങൾ അവൻ അവളെ സ്നേഹിച്ചു, നിസ്വാർത്ഥമായി. വിശ്വസ്തനായ ഒരു ഭൃത്യനെപ്പോലെ അവളെ പരിചരിച്ചു. 2017 ഡിസമ്പറിൽ നൈജലിന് കൂട്ടായി മൂന്ന് പേർ കൂടി ആ ദ്വീപിലെത്തി. പക്ഷെ വിരുന്നുകാരെ അവൻ തീർത്തും അവഗണിച്ചു. അവന്റെ ലോകം അവനും പ്രണയിനിയും മാത്രമടങ്ങുന്നതായിരുന്നു. പുതിയ അതിഥികൾ വന്ന് ഒരു മാസമായപ്പോഴേക്കും നൈജൽ മരണത്തിന് കീഴടങ്ങി. ഞെട്ടിക്കുന്ന ഒരു തിരിച്ചറിവിൽ ഹൃദയം തകർന്നാവുമോ അവൻ മരണമടഞ്ഞത്? തന്റെ കാമുകിക്കായി ഒരുക്കിയ കൂട്ടിൽ 2018 ജനുവരി മാസത്തിന്റെ അവസാന വാരത്തിൽ അവന്റെ ശരീരം വിറങ്ങലിച്ചു കിടന്നു. ന്യൂസിലാന്റിലെ മനാ ദ്വീപിൽ സ്ഥാപിച്ച ഗാനെറ്റ് പക്ഷികളുടെ കോൺക്രീറ്റ് പ്രതിമകളൊന്നിനെ പ്രണയിച്ച 'നൈജൽ' എന്ന പക്ഷിയുടെ ദുരന്ത പൂർണ്ണമായ അന്ത്യമായിരുന്നു അത്.
മനാ പ്രൊജക്ട് (Mana Project)
ന്യൂസിലാന്റിന്റെ തലസ്ഥാനമായ വെല്ലിംഗ്ടണിന് വടക്ക് പടിഞ്ഞാറായി കിടക്കുന്ന 2.17 ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്തീർണ്ണമുള്ള ഒരു കൊച്ചു ദ്വീപാണ് മന (Mana). 1990 കളുടെ അവസാനത്തിലാണ് 'മനാ പ്രൊജക്ട്' ആരംഭിക്കുന്നത്. ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ ലക്ഷ്യം 'ഗാനെറ്റ് 'എന്ന ഒരു തരം മീൻ റാഞ്ചിപ്പക്ഷികളെ മനാ ദ്വീപിലെത്തിച്ച് സംരക്ഷിക്കുക എന്നതായിരുന്നു. അതിനായി ന്യൂസിലാന്റിലെ വന്യജീവി സംരക്ഷണോദ്യോഗസ്ഥർ ഗാനെറ്റുകളുടെ കോൺക്രീറ്റ് പ്രതിമകളും അവയുടെ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകളും ഈ ദ്വീപിൽ സ്ഥാപിച്ചു. മനാ ദ്വീപിന്റെ സംരക്ഷണത്തിനു വേണ്ടി ഫ്രണ്ട്സ് ഓഫ് മനാ ഐലന്റ് (Friends of Mana Island – FOMI) എന്ന സന്നദ്ധ സംഘടനയും രൂപീകരിക്കപ്പെട്ടു. ഈ പ്രതിമകളും സ്പീക്കറുകളിൽ നിന്ന് പുറപ്പെടുന്ന ശബ്ദവും ഗാനെറ്റുകളെ ഈ ദ്വീപിലേക്ക് ആകർഷിക്കും എന്നായിരുന്നു അവർ കരുതിയത്. 'അറ്റ് ലാന്റിക്ക് പഫിൻ' (Atlantic Puffin)പക്ഷികളെ ഈസ്റ്റേൺ എഗ്ഗ് റോക്ക് ദ്വീപിലേക്ക് (Eastern Egg Rock Island) എത്തിക്കുന്നതിൽ ഇത്തരത്തിലുള്ള പദ്ധതി വിജയകരമായിരുന്നു താനും. ഗാനെറ്റുകൾ ഇവിടെ താമസമുണ്ടെന്ന് യഥാർത്ഥ പക്ഷികളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി അവയുടെ കാഷ്ഠം ദ്വീപിലെ പാറകളിൽ ചായമടിച്ച് വെക്കുകയും ചെയ്തു. ഈ ദ്വീപിലെ ഏക സ്ഥിരതാമസക്കാരനായ മനുഷ്യൻ ന്യൂസിലാന്റ് കൺസർവേഷൻ വകുപ്പിലെ റേഞ്ചറായ ക്രിസ് ബെൽ (Chris Bell) മാത്രമായിരുന്നു. പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി ആ ദ്വീപിൽ ഗാനെറ്റുകൾക്ക് ഭീഷണിയായിത്തീരാൻ സാധ്യതയുള്ള ഇരപിടിയൻ ജീവികളെ ഇല്ലായ്മ ചെയ്തിരുന്നു. ഗാനെറ്റ് പക്ഷികൾ ഈ ദ്വീപിൽ എത്തുന്നത് വഴി ഇവയുടെ വിസർജ്ജ്യം ഇവിടുത്തെ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും അതുവഴി ഇവിടെ പ്രകൃതിദത്തമായ ഒരാവാസ വ്യവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമായിരുന്നു.
മൊത്തത്തിൽ ആകർഷണീയമായ വെള്ള നിറത്തിലുള്ള വലിയ കടൽ പക്ഷികളായിരുന്നു ഗാനെറ്റുകൾ (Morus serrator). നീണ്ട കൊക്ക്, കഴുത്തിലെ മഞ്ഞനിറം, ചിറകുകളുടെ അഗ്രഭാഗത്തുള്ള കറുപ്പു നിറം എന്നിവ ഇവയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു. കടൽ പക്ഷികളുടെ കുടുംബമായ മോറസ് (Morus) ഫാമിലിയിൽ പെട്ടവരാണ് ഗാനെറ്റുകള്‍.
രണ്ട് പക്ഷികൾ പ്രതിമകൾ സ്ഥാപിച്ച ഉടൻ ദ്വീപിൽ എത്തിച്ചേർന്നെങ്കിലും അവ പെട്ടെന്ന് തന്നെ സ്ഥലം വിടുകയാണുണ്ടായത്. 2013ലാണ് നൈജൽ മനാ ദ്വീപിലെത്തുന്നത്. നാൽപ്പത് വർഷങ്ങൾക്ക് ശേഷം ആ ദ്വീപിൽ സ്ഥിരതാമസമാക്കിയ ആദ്യ ഗാനെറ്റായിരുന്നു നൈജൽ. എന്തുകൊണ്ടോ നൈജൽ അവിടം വിട്ടു പോയില്ല. അവൻ കൂട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാകാമെന്നായിരുന്നു ദ്വീപിലെ സന്നദ്ധ പ്രവർത്തകരുടെ അഭിപ്രായം. ഏകനായി വന്ന നൈജൽ ഏകനായിത്തന്നെ ആ ദ്വീപിൽ തുടർന്നു. ഇടയ്ക്ക് നോർമൻ എന്നു പേരിട്ടു വിളിച്ച ഒരു ഗാനെറ്റ് കൂടി എത്തിചേർന്നെങ്കിലും സ്ഥിരതാമസമാക്കിയില്ല. നീണ്ട അഞ്ചു വർഷങ്ങൾ, ഗാനെറ്റ് പക്ഷികളുടെ വ്യാജ രൂപങ്ങൾക്കിടയിൽ ഒറ്റയ്ക്ക്! യഥാർത്ഥത്തിൽ അവൻ ഒറ്റയ്ക്കായിരുന്നുവോ? ആ എൺപത് കൃത്രിമ രൂപങ്ങളിലൊന്നിൽ അവൻ തന്റെ കൂട്ടുകാരിയെ കണ്ടെത്തിയിരുന്നു. അവൾക്കു വേണ്ടി അവൻ പാട്ടുകൾ പാടി, അവളോട് പ്രണയസല്ലാപങ്ങൾ നടത്തി, അവളുടെ തണുത്ത കോൺക്രീറ്റ് ചിറകുകളെ കോതി മിനുക്കി, അവൾക്കു വേണ്ടി അവൻ കൂടൊരുക്കി. അസാധാരണമായ ഒരു പ്രണയമായിരുന്നു അത്. മനസ്സുകളെ ആഴത്തിലറിഞ്ഞവർക്കുപോലും അപഗ്രഥിക്കാനാവാത്ത ഒന്ന്. തിരിച്ചൊന്നും അവന് ലഭിച്ചില്ല. ദ്വീപിലെ വളന്റിയർമാർ നൈജലിന് എപ്പോഴെങ്കിലും ഒരു യഥാർത്ഥ കൂട്ടു ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.
2017 ഡിസമ്പറിൽ വളന്റിയർമാർ പ്രതിമകളെ അല്പം മാറ്റി സ്ഥാപിച്ചു. സ്പീക്കറുകൾ അല്പം ഉയർന്ന ഭാഗത്തേക്ക് പുനക്രമീകരിച്ചു. പത്തു ദിവസങ്ങൾക്കകം ക്രിസ്തുമസ് അൽഭുതമെന്നോണം മൂന്ന് പുതിയ ഗാനെറ്റുകൾ കൂടി ആ ദ്വീപിൽ എത്തിച്ചേർന്നു. പക്ഷെ നൈജൽ പുതിയ അതിഥികളിൽ ഒട്ടും താൽപര്യം കാട്ടിയില്ല. യാഥാർത്ഥ ഗാനെറ്റുകളിൽ നൈജൽ തന്റെ ഇണയെ കണ്ടെത്തുമെന്നാശിച്ച സന്നദ്ധ പ്രവർത്തകർ നിരാശരായി. അവന്റെ പ്രണയം സത്യമുള്ളതായിരുന്നു. തന്റെ കോൺക്രീറ്റ് രാജകുമാരിയെ ഉപേക്ഷിക്കാൻ അവൻ തയ്യാറായില്ല. പക്ഷെ ആ പ്രണയത്തിന്റെ അന്ത്യം ദാരുണമായിരുന്നു. പുതിയ കൂട്ടുകാർ ദ്വീപിൽ താമസമാരംഭിച്ച് ഒരു മാസമായപ്പോഴേക്കും നൈജൽ മരിച്ചു. തന്റെ പ്രണയിനിക്കായി അവൻ തീർത്ത കൂട്ടിൽ 2018 ജനുവരി മാസത്തിന്റെ അവസാന ആഴ്ചയിലൊരു ദിവസം മരിച്ചു കിടക്കുന്നതായി ക്രിസ് ബെൽ കണ്ടെത്തി. തന്റെ പ്രണയം ഒരിക്കലും അവൾ മനസ്സിലാക്കില്ല എന്ന തിരിച്ചറിവിൽ ഹൃദയം പൊട്ടിയാണോ അവൻ മരിച്ചത്? ആർക്കറിയാം. ഒരസാധാരണ പ്രണയ കഥയിലെ ദുരന്ത നായകനായിരുന്നു നൈജൽ.
2018 ഫെബ്രുവരി ഒന്ന് വ്യാഴാഴ്ച ഫ്രണ്ട്സ് ഓഫ് മനാ ഐലന്റ് (Friends of Mana Island - FOMI) അവരുടെ ഫെയ്സ് ബുക്ക് പേജിൽ ഇങ്ങനെ കുറിച്ചു
To Nigel
You stayed a while on Mana Island
Attracted by your concrete mates
You built a nest, you did your best
But only Norman dropped on by.
We weeded, we painted, we sprayed guano around,
We hoped you would find a real thing.
Three newbies arrived, a Christmas surprise
But suddenly you are gone.
RIP 'no mates' Nigel
പിൻകുറിപ്പ്: പ്രിയ വിനയേട്ടന്റെ (V. R. Vinayaraj) fb പേജിൽ ശ്രീവിദ്യാ സുബ്രമണ്യൻ ഷെയർ ചെയ്ത 'ദ ഗാഡിയൻ' (The Guardian)പത്രവാർത്തയാണ് ഈ കുറിപ്പെഴുതാനുള്ള പ്രേരണ.