Saturday, 3 February 2018

വിരഹഗായകന്റെ അവസാനത്തെ പാട്ട്

കക്കയം ഡാമിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ആ ഫോറസ്റ്റ് ക്വാട്ടേഴ്സിന്റെ അലൂമിനിയം ഷീറ്റ് മേൽക്കൂര വിരിച്ച വരാന്തയിൽ ഞങ്ങൾ കുറച്ച് പേർ ഇരിക്കുകയാണ്. ചിലർ നിലത്ത് പുല്ലുപായയിലും ചിലർ ഫൈബർ കസേരകളിലും. ഏപ്രിൽ മാസമായിരുന്നെങ്കിലും മഴ പെയ്തതുകൊണ്ട് ഡാമിന്റെ ഭാഗത്തു നിന്ന് വീശുന്ന കാറ്റിന് നല്ല തണുപ്പുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 700 മീറ്ററിലധികം ഉയരത്തിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അത്താഴത്തിന് ശേഷം ഒത്തു ചേർന്നതാണ് ഞങ്ങൾ.

പ്രവീൺ തന്റെ Laptop Computerതുറന്ന് നമുക്കഭിമുഖമായി വെച്ചു. പല പ്രായത്തിലുള്ള ഞങ്ങൾ (ആൺ പെൺ വ്യത്യാസമില്ലാതെ) കൗതുകത്തോടെ പ്രവീണിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആ തണുപ്പുള്ള രാത്രിയിൽ ഞങ്ങളുടെ ഹൃദയത്തെ ഇന്നും മഥിക്കുന്ന ശബ്ദവീചികൾ പ്രവീണിന്റെ കംപ്യൂട്ടറിൽ നിന്നുയർന്നു. അത് ഏതോ ഒരു കിളിയുടെ മനോഹര ശബ്ദം പോലെ എനിക്ക് തോന്നി. ആ സ്വരത്തിന് ഒറ്റപ്പെട്ടവന്റെ വേദനയുണ്ടായിരുന്നു. ഓഡിയോ പോസ് ചെയ്ത് പ്രവീൺ ഞങ്ങളെ നോക്കി. അദ്ദേഹത്തിന്റെ മുഖത്ത് ഒരു വിഷാദഛായ ഉണ്ടായിരുന്നുവോ?

" ഈ ശബ്ദം ആരുടേതാണെന്ന് തിരിച്ചറിയുന്നുണ്ടോ?" പ്രവീൺ ചോദിച്ചു. ഞങ്ങൾ നിശബ്ദത പാലിച്ചു. അദ്ദേഹം വീണ്ടും ആ ഓഡിയോ പ്ലേ ചെയ്ത് തുടങ്ങി. രാത്രിയിൽ ഉയരുന്ന ചീവീടുകളുടെ അസുഖകരമായ ആരവത്തിന് മുകളിൽ ആ ഹൃദയഹാരിയായ സ്വരം ഞങ്ങൾ വീണ്ടും കേട്ടു. ഒരു പക്ഷിയുടെ മധുര ഗാനമാണെന്ന് മാത്രം എനിക്ക് അപ്പോൾ വ്യക്തമായി. അല്പം നാടകീയതയോടെ പ്രവീൺ തുടർന്നു. " ഇത് 1987 ൽ പകർത്തിയ 'കവായ് ഓ ഓ ' പക്ഷിയുടെ അതിന്റെ ഒരിക്കലും വരാത്ത ഇണയ്ക്കു വേണ്ടി ഉയർത്തുന്ന പാട്ടാണിത്. ഈ ഭൂമുഖത്ത് അവശേഷിച്ചിരുന്ന അവസാനത്തെ 'കവായ് ഓ ഓ' പക്ഷിയുടെ പാട്ട് '' സെപ്തമ്പർ 1, 1914 ന് മധ്യാഹ്നത്തിൽ സിൻസിനാറ്റി മൃഗശാലയിലെ കൂട്ടിൽ മരിച്ചു കിടന്ന അവസാനത്തെ സഞ്ചാരി പ്രാവായ മാർത്തയുടെ ഓർമ്മകൾ എന്നിൽ നിറഞ്ഞു. ഹവായ് ദ്വീപ് സമൂഹങ്ങളിലൊന്നായ കവായ് ദ്വീപിൽ മാത്രം കണ്ടു വന്നിരുന്ന 'കവായ് ഓ ഓ ' പക്ഷിയുടെ റെക്കോർഡ് ചെയ്യപ്പെട്ട അവസാനത്തെ ശബ്ദം! ആ ശ്രുതിമധുരമായ സ്വരം പിന്നീട് ആരും കേട്ടതായ് രേഖകളില്ല. ഈ ലോകത്ത് പേര് മാത്രം അവശേഷിപ്പിച്ച് കടന്നു പോയ 'കവായ് ഓ ഓ' പക്ഷികളുടെ അവസാനത്തെ കണ്ണിയാവാം അവൻ.

കവായ് ഓ ഓ (Kauaʻi ʻōʻō - Maho braccatus)

അമേരിക്കൻ ഐക്യനാടുകളിലെ ഹവായ് ദ്വീപ് സമൂഹങ്ങളിലൊന്നായ കവായ് ദ്വീപിൽ മാത്രം കണ്ടു വന്നിരുന്ന തേൻ കുടിയൻ പക്ഷികളിൽ പെട്ടതാണ് 'കവായ് ഓ ഓ'. താരതമ്യേന ചെറിയ ശരീരത്തോടു കൂടിയ ഈ പക്ഷിയുടെ ഭൂരിഭാഗവും കറുപ്പാണെങ്കിലും വയറിന്റെ ഭാഗം ചാരഛവി കലർന്ന തവിട്ടു നിറമായിരുന്നു. കഴുത്തിലും നെഞ്ചിലുമുള്ള വെള്ളവരകൾ പെൺപക്ഷികളിൽ കൂടുതൽ സ്പഷ്ടമായിരുന്നു. കാലുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിലുള്ള ചിറകുകൾ ഇവയുടെ പ്രത്യേകതയായിരുന്നു.
തേനായിരുന്നു മുഖ്യ ആഹാരമെങ്കിലും ചെറുജീവികൾ, പഴങ്ങൾ എന്നിവയും ഈ പക്ഷികൾക്കിഷ്ടമായിരുന്നു. വയസ്സൻ മരങ്ങളുടെ പൊത്തുക്കളായിരുന്നു ഇവയുടെ താമസസ്ഥലം. ഒന്നാന്തരം ഗായകരായിരുന്നു 'ഓ ഓ' പക്ഷികൾ. ആണും പെണ്ണും ഒരു പോലെ പുല്ലാങ്കുഴൽ നാദവുമായി സാമ്യമുള്ള മനോഹര ശബ്ദത്തിന്റെ ഉടമകളായിരുന്നു.

1890 കളിൽ സർവ്വസാധാരണമായി കണ്ടു വന്നിരുന്ന 'ഓ ഓ' പക്ഷികളുടെ എണ്ണം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമായപ്പോഴേക്കും ക്രമാതീതമായി കുറഞ്ഞു തുടങ്ങി. 1970 കളിൽ ഇവ അലകായ് (Alakai) സംരക്ഷിത മേഖലയിൽ മാത്രമായ് ഒതുങ്ങി. 1974ൽ ആണ് ഈ പക്ഷിയുടെ പാട്ട് (Mating Call) ആദ്യമായ് റെക്കോർഡ് ചെയ്യുന്നത്. ഇവയുടെ അറിയപ്പെടുന്ന വീഡിയോ ചിത്രീകരണവും ഇക്കാലത്താണ് നടന്നത്. 1981 ആയപ്പോഴേക്കും ഒരു ജോഡി ഇണപ്പക്ഷികൾ മാത്രമായി ഇവ ചുരുങ്ങി. 1982ലെ ഐവാ (Iwa) ചുഴലിക്കാറ്റിന് ശേഷം പെൺപക്ഷി അപ്രത്യക്ഷമായി. ഒരിക്കലും വരാത്ത ആ പെൺപക്ഷിക്ക് വേണ്ടി ആൺ കിളി പാടിക്കൊണ്ടേയിരുന്നു. 1985ലാണ് അവനെ ഒടുവിലായി കണ്ടത്. 1987ൽ ഡേവിഡ് ബോയിൻടൺ (David Boynton) അവശേഷിച്ച ആ ആൺപക്ഷിയുടെ പാട്ട് അവസാനമായി റേക്കോർഡ് ചെയ്തു. കക്കയം ഡാമിനഭിമുഖമായി സ്ഥിതി ചെയ്യുന്ന ക്വാർട്ടേഴ്സിന്റെ വരാന്തയിലിരുന്ന് ആ തണുപ്പു പുതച്ച രാത്രിയിൽ ഞങ്ങൾ കേട്ട അതേ പാട്ട്.

ഇന്ന് 'കവായ് ഓ ഓ' പക്ഷിയുടെ സ്ഥാനം IUCN ( International Union for Conservation of Nature and Natural Resources)ന്റെ റെഡ് ഡാറ്റാ പുസ്തകത്തിലെ (Red Data Book) വംശനാശം സംഭവിച്ച പക്ഷികളുടെ കൂട്ടത്തിലാണ്. പല ഘടകങ്ങൾ 'ഓ ഓ' പക്ഷികളുടെ വംശനാശത്തിന് കാരണമായതായി പക്ഷിശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇവയുടെ മുട്ടകൾ ആഹരിക്കുന്ന പോളിനേഷ്യൻ എലികളുടെ കടന്നുവരവ്, പക്ഷികളെ ബാധിക്കുന്ന മലേറിയ (Avian Malaria), വസൂരി (Avian Pox) എന്നീ രോഗങ്ങൾ പരത്തുന്ന കൊതുകുകളുടെ ആവിർഭാവം, ആവാസ വ്യവസ്ഥയുടെ നശീകരണം എന്നിവ ഈ പക്ഷികളുടെ വംശനാശത്തിന് കാരണമായി എന്ന് കരുതുന്നു.

മൂന്ന് ദിവസത്തെ മലബാർ പക്ഷി സർവ്വേക്ക് ശേഷം ചുരമിറങ്ങുമ്പോൾ ഈ ലോകത്ത് ഒറ്റപ്പെട്ടുപോയ ആ ആൺകിളിയുടെ അവസാനത്തെ പാട്ട് ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു. വിരഹത്തിന്റെ ഘനഭാവം നിറഞ്ഞ ആ ഗാനം ഞാൻ ഇന്നും കേൾക്കുന്നു.

പിൻകുറിപ്പ് : 2017 ഏപ്രിൽ മാസത്തിൽ കോഴിക്കോട് ജില്ലയിലെ കക്കയത്ത് നടന്ന മലബാർ പക്ഷി സർവ്വേയിൽ കേരളത്തിലെ പക്ഷി നിരീക്ഷകരിലെ പുലികൾക്കൊപ്പം മൂന്ന് ദിവസങ്ങൾ ചിലവഴിക്കാൻ ഈയുള്ളവന് ഭാഗ്യമുണ്ടായി. അതാണ് ഈ കുറിപ്പിന്നാധാരം. കവായ് പക്ഷികൾക്കെന്താ കക്കയത്ത് കാര്യം എന്നാരും ചോദിക്കല്ലേ......

References :
1. https://en.wikipedia.org/…/Kaua%CA%BBi_%CA%BB%C5%8D%CA%BB%C…
2. https://www.fws.gov/pacificislands/fauna/kauaioo.html
3. http://www.iucnredlist.org/details/22704323/0
4. http://www.encyclopedia.com/envi…/science-magazines/kauai-oo
5. https://dlnr.hawaii.gov/…/f…/2013/09/Fact-sheet-kauai-oo.pdf

1 comment: